Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
ഡിസ്‌നി ലാന്‍ഡ് പോലുള്ള ഒരു നഗരം, പക്ഷേ ആര്‍ക്കും വേണ്ട

ലോകമെമ്പാടും പലവിധങ്ങളായ കാരണങ്ങളാല്‍ ആളുകള്‍ അനാഥമാക്കിയ നിരവധി നഗരങ്ങള്‍ ഉണ്ട്. മനുഷ്യര്‍ താമസിച്ചതിന്റെ അടയാളങ്ങള്‍ മാത്രം ബാക്കിയാക്കി അവശിഷ്ടങ്ങള്‍ ആയി ഭൂമിയില്‍ അവശേഷിക്കുന്ന ഇത്തരം ഉപേക്ഷിക്കപ്പെട്ട നഗരങ്ങള്‍ക്ക് എല്ലാം പറയാന്‍ ഒരു വലിയ കഥയുണ്ടാകും. ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട ഒരു നഗരത്തിന്റെ ചിത്രം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടുകയാണ്. അതിന് കാരണം മറ്റൊന്നുമല്ല, ഡിസ്‌നി സിനിമയിലെ നഗരങ്ങളെ ഓര്‍മ്മിപ്പിക്കും വിധമുള്ള കെട്ടിടങ്ങള്‍ കൊണ്ട് നിറഞ്ഞ ഒരു നഗരമാണിത്. തുര്‍ക്കിയിലെ ബോലുവിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ സ്ഥിതിചെയ്യുന്ന ബുര്‍ജ് അല്‍ ബാബാസ് എന്ന നഗരമാണ് ഇത്. കാഴ്ചയില്‍ ഏറെ മനോഹരമാണെങ്കിലും ഇവിടെ താമസിക്കാന്‍ ഒരു പൂച്ചക്കുഞ്ഞു പോലുമില്ല എന്നതാണ് സത്യം. 250 ഏക്കറില്‍ 160 മില്യണ്‍ പൗണ്ട് ചെലവിട്ടാണ് ഈ നഗരം വികസിപ്പിച്ചത്. എന്നാല്‍, പദ്ധതി പൂര്‍ത്തിയാക്കുന്നതിന് മുന്‍പായി വന്‍തുക നഷ്ടമായതോടെ നിര്‍മാണക്കമ്പനി അടച്ചുപൂട്ടുകയും നഗരം ഉപേക്ഷിക്കപ്പെടുകയും ആയിരുന്നു.

ബുര്‍ജ് അല്‍ ബാബസിന്റെ നിര്‍മ്മാണം 2014 ല്‍ ആണ് ആരംഭിക്കുന്നത്. പിരമിഡ് ആകൃതിയിലുള്ള മേല്‍ക്കൂരകളോട് കൂടിയ കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉള്ള ഒരു നഗരം സൃഷ്ടിക്കുക എന്നതായിരുന്നു നിര്‍മ്മാണം ഏറ്റെടുത്ത കമ്പനിയുടെ ലക്ഷ്യം. വീടുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണം അത്തരത്തില്‍ നടത്തുകയും ചെയ്തു. എന്നാല്‍, നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് പ്രതീക്ഷിച്ചതിലും അധിക തുക ചെലവായതോടെ കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായി. ഇതോടെ നഗരത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കുകയും നഗരം ഉപേക്ഷിക്കപ്പെടുകയും ചെയ്തു.

ഷോപ്പിംഗ് സെന്റര്‍, സ്ലൈഡുകളും സ്ട്രീമുകളും ഉള്ള ഒരു വാട്ടര്‍ പാര്‍ക്ക്, ഇന്‍ഡോര്‍ പൂളുകള്‍, മറ്റ് അടിസ്ഥാന സേവന സൗകര്യങ്ങള്‍ എന്നിവയൊക്കെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു നഗരമായിരുന്നു ഇവിടെ വിഭാവനം ചെയ്തിരുന്നത്. ഒരുപക്ഷേ പട്ടണം പൂര്‍ണമായി വികസിപ്പിച്ചിരുന്നെങ്കില്‍ അതിമനോഹരമായ ഒരു നഗരമായി ഇന്ന് ബുര്‍ജ് അല്‍ ബാബസ് തല ഉയര്‍ത്തി നിന്നേനെ.

കമ്പനി പാപ്പരാകുന്നതിന് മുമ്പ് 60 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് പൂര്‍ത്തിയായത്. പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍, ആഡംബര വീടുകള്‍ 275,574 പൗണ്ടിനും 394,741 പൗണ്ടിനും വില്‍ക്കാന്‍ അവര്‍ തീരുമാനിച്ചിരുന്നു. നാല് വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ പദ്ധതിയും പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 2018 -ല്‍, പ്രോജക്റ്റിന്റെ വില്‍പ്പന കുറയാന്‍ തുടങ്ങുകയും നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് കമ്പനി പാപ്പരായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. ഭാഗികമായി വികസിപ്പിച്ച 530 വീടുകള്‍ ആണ് ഈ നഗരത്തില്‍ ഇപ്പോള്‍ അവശേഷിക്കുന്നത്. നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിവന്നിരുന്ന സരോട്ട് പ്രോപ്പര്‍ട്ടീസ് ഗ്രൂപ്പിന്റെ ചെയര്‍മാനായ മെഹ്‌മെത് എമിന്‍ യെര്‍ഡെലന്‍ 2018-ല്‍, ഒരു പ്രാദേശിക മാധ്യമ ചാനലായ ഹുറിയറ്റ് ഡെയ്ലി ന്യൂസിനോട് സംസാരിക്കവേ പറഞ്ഞത്, പ്രാരംഭ നിക്ഷേപം അടച്ച ശേഷം മുഴുവന്‍ തുകയും നല്‍കാന്‍ ആളുകള്‍ വിസമ്മതിച്ചതിനാലാണ് പദ്ധതി തകര്‍ന്നതെന്നാണ്. ബുര്‍ജ് അല്‍ ബാബാസ് നഗരം ഇപ്പോഴും ശൂന്യമാണ്, മനോഹരമായ വീടുകള്‍ ഇപ്പോഴും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. അനാഥമാക്കപ്പെട്ട ഈ നഗരം കാണാന്‍ എത്തുന്ന ഏതാനും വിനോദസഞ്ചാരികള്‍ മാത്രമാണ് ഇന്ന് ഇവിടുത്തെ ഏക സന്ദര്‍ശകര്‍.

 
Other News in this category

  • കടലിലേക്ക് പോയ പന്ത് നായ് കുട്ടിക്ക് തിരിച്ചെടുത്ത് നല്‍കിയത് ആരാണെന്ന് അറിയാമോ
  • ഡിസ്‌നി ലാന്‍ഡ് പോലുള്ള ഒരു നഗരം, പക്ഷേ ആര്‍ക്കും വേണ്ട
  • ജീവനക്കാരികള്‍ മുട്ടുകുത്തി നിന്ന് ഭക്ഷണം വിളമ്പണം, മസാജ് ചെയ്യണം
  • സുന്ദരികളുടെ കക്ഷത്തിലെ വിയര്‍പ്പ് ചേര്‍ത്ത് ഒനിഗിരി റൈസ് ബോള്‍
  • മരുമകള്‍ക്ക് തന്നോട് പ്രണയം, വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു, പരാതിയുമായി അമ്മായിയമ്മ




  •  
    Close Window